ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം . കോട്ടയം നഗരത്തിൽ  നിന്നും  8 - കിലോമീറ്റർ  അകലെ തിരുവാർപ്പിൽ  മീനച്ചിലാറിൻറെ  തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയിൽ  ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500 - വർഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ  വാണരുളുന്ന ചതുർഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയിൽ   പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും, അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനും തിരുവാർപ്പ്  എന്ന പേര് വീണത്.

1500 വർഷങ്ങൾക്കു മേൽ പാണ്ഡവർക്ക്  വനവാസകാലത്ത് ആരാധിക്കുന്നതിനായി ഭഗവാൻ  ശ്രീകൃഷ്ണൻ  തന്നെ സമ്മാനിച്ചതാണ് ഈ വിഗ്രഹം എന്നാണ് വിശ്വാസം. വനവാസത്തിനൊടുവിൽ  അജ്ഞാതവാസത്തിനായി തിരിക്കുന്നതിനു മുമ്പ് ഇന്നത്തെ ചേർത്തല പ്രദേശത്ത് അധിവസിച്ചിരുന്ന ആളുകൾ  ഈ വിഗ്രഹം പാണ്ഡവരോട് ആവശ്യപ്പെടുകയും, വിഗ്രഹം ലഭിക്കുകയും ചെയ്തു. പക്ഷേ, കുറച്ചുകാലത്തിനു ശേഷം പട്ടിണിയും പരിവട്ടവും മൂലം വിഗ്രഹത്തെ യഥാവിധി ആരാധിക്കാൻ  സാധിക്കാതെ വന്ന ജനങ്ങൾ  അത് സമുദ്രത്തിൽ ഉപേക്ഷിച്ചു.

തുടർന്ന്  കാലങ്ങൾക്കു  ശേഷം ഒരു വള്ളത്തിൽ സമുദ്രയാത്ര ചെയ്യുകയായിരുന്ന വില്വമംഗലത്ത് സ്വാമിയാർക്ക്  (പദ്മപാദ ആചാര്യർ  ആണെന്നും പറയപ്പെടുന്നു) ഈ വിഗ്രഹം ലഭിക്കുകയും അദ്ദേഹം വിഗ്രഹവുമായി ഇന്നത്തെ തിരുവാർപ്പ്  പ്രദേശത്ത് എത്തുകയും ചെയ്തു. ഭയങ്കരമായ കാറ്റും കോളും കാരണം തൻറെ  തുടർന്നുള്ള   യാത്ര സാധിക്കാതെ വന്ന സ്വാമിയാർ  വിഗ്രഹം അവിടെക്കണ്ട ഒരു ഉരുളിക്കുള്ളിൽ സൂക്ഷിക്കുകയും ഒരുവിധത്തിൽ യാത്ര തുടരുകയും ചെയ്തു. 

പിന്നീട് തിരികെവന്ന് ഉരുളിയിൽ വച്ചിരുന്ന വിഗ്രഹം വീണ്ടെടുക്കാൻ  ശ്രമിച്ചപ്പോൾ  അത് ഉരുളിയിൽ ഉറച്ചുപോയതായാണ് സ്വാമിയാർ  കണ്ടത്. കുന്നൻ കാരി മേനോൻ  എന്നൊരാളുടെ ഭൂമിയും ഉരുളിയും ആയിരുന്നു അത്. വിവരമറിഞ്ഞ മേനോൻ  തൻറെ  സ്ഥലവും ഉരുളിയും അമ്പല നിർമ്മാണത്തിനായി വിട്ടുനൾകുകയും മടപ്പറമ്പ് സ്വാമിയാർ  എന്ന ഋഷിവര്യൻറെ  സഹായത്തോടെ അമ്പലം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

എല്ലാ ദിവസവും രാവിലെ  2 - മണിക്ക് തിരുവാർപ്പിൽ  നടതുറക്കും. 3-മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിൻറെ  നിവേദ്യവും ഭഗവാന് സമർപ്പിക്കും. തിരുവാർപ്പിൽ  വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാൻ  കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തേ നട തുറക്കുന്നത്.

ഒട്ടേറെ പ്രത്യേകതകൾ  ഇവിടുത്തെ ആചാര പദ്ധതികൾക്കുണ്ട് .!  വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം .!  പണ്ട് ഇവിടുത്തെ പൂജാരിയെ ,സ്ഥാനം ഏല്പ്പിക്കുമ്പോൾ  കയ്യിൽ  ശ്രീകോവിലിൻറെ  താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ ..! ഇനി അബദ്ധവശാൽ  താക്കോൽ  കൊണ്ട് നടതുറക്കാന് കഴിയാതെ വന്നാൽ  വാതിൽ  വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത് ..!!  അത്രയ്ക്കും സമയം കൃത്യമാകണം ..! നട തുറന്നാൽ  ആദ്യം അഭിഷേകം നടത്തി ഉടൻ  നിവേദ്യം നടത്തുകയും വേണം

കടപ്പാട് : ചെറുവള്ളിക്കാവു്ചിറക്കര വിഷ്ണു ക്ഷേത്രം



Previous Post Next Post