ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ്  കൽക്കി എന്നു പറയപ്പെടുന്നു.  'മാലിന്യത്തെ അകറ്റുന്നവന്‍' എന്നര്‍ത്ഥമുള്ള 'കല്‍ക' എന്ന സംസ്കൃത ധാതുവില്‍ നിന്നാണ് കല്‍ക്കി എന്ന വാക്കുണ്ടായത്.

ആരാണ് കൽക്കി ?


കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. 

കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും.

 ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും. 

അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും. 

ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും ( ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം,സന്യാസം ) പുരുഷാർത്ഥങ്ങളും ( ധർമ്മം, അർത്ഥം, കാമം, മോക്ഷം ) പുനഃസ്ഥാപിക്കും. 

അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം  (കൃതയുഗം ) ആരംഭിക്കുകയും ചെയ്യും. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും.!

Previous Post Next Post