AD-1600 നോടടുത്ത്. വടകരയിൽ നിന്നും ഒരു കിലോമീറ്ററകലെയുള്ള തച്ചോളി മാണിക്കോത്ത് വീട്ടിലെ 32 കാരനായ ഒതേനക്കുറുപ്പ് കുടുംബ ക്ഷേത്രത്തിലെ ഉൽസവത്തിനുള്ള പന്തൽപണി വിലയിരുത്താൻ 3 കിലോമീറ്റർ അകലെയുള്ള ലോകനാർ കാവിലെത്തി. അപ്പോഴാണ് മതിലൂർ ഗുരുക്കളും പരിവാരവും അങ്ങോട്ട് ചെന്നു കയറിയത്.


ഭൂമിയിലെ ഏറ്റവും മികച്ച ആയോധന കലയായ കളരിപ്പയറ്റ് അഭ്യാസികളായിരുന്നു രണ്ടുപേരും . 64 ദ്വന്ദയുദ്ധങ്ങൾ നടത്തിയ ഒതേനൻ, 64-ലിലും ജയിച്ച് എതിരാളികളെ യമപുരിക്കയച്ച പടക്കുറുപ്പാണ്. ഒതേനനോട് ''പൊയ്ത്ത്'' നടത്തിയാൽ ഏത് കളരിപ്പയറ്റ് ഗുരുക്കളും കൊല്ലപ്പെടും എന്നത് മലയാളദേശം മുഴുവൻ പ്രസിദ്ധമായിരുന്നു.


മതിലൂർ ഗുരുക്കൾ പഴശ്ശി രാജാവിൻറെ പൂർവ്വികനായ കോട്ടയം തമ്പുരാൻറെ 10000- നായർ പടയാളികളുടെയും 2100- മുസ്ലിം മാപ്പിള യോദ്ധാക്കളുടെയും ഗുരുവായിരുന്നു. കോട്ടയം കോവിലകത്തെ രാജകുമാരൻമാർക്കും ഇദ്ദേഹം ഗുരു തന്നെ.


ക്ഷേത്രമുറ്റത്തേക്ക് കയറി വന്ന ഇദ്ദേഹം തൻറെ തോക്ക് അവിടെയുള്ള ഒരു പ്ലാവിൻമേൽ ചാരിവെച്ചു. ഒതേനൻ അപ്പോൾ പരിഹാസത്തോടെ ചോദിച്ചു;


''പൊൻകുന്തം ചാരും പിലാവുമ്മല്,

മൺകുന്തം ചാരീയതാരാണെടോ''?


ഇതേത്തുടർന്ന് രണ്ടുപേരും വാക്കേറ്റമായി. അവസാനം മതിലൂർ ഗുരുക്കൾ ഒതേനനെ പോരിനു വെല്ലുവിളിച്ചു.


അടുത്ത കുംഭമാസം 9, 10, 11- തിയ്യതികളിൽ പൊന്നിയം ഏഴരക്കണ്ടം വയലിൽ വെച്ച് പൊയ്ത്ത് നടത്താൻ തീരുമാനിക്കപ്പെട്ടു.


പതിവ് ആചാരം അനുസരിച്ച് കടത്തനാട് രാജാവിനോടും രാജാവിൻറ്റെ കീഴിലുള്ള നാലു നാടുവാഴികളോടും സാമൂതിരിയുടെ നാവികസേനാ തലവനായ കോട്ടക്കൽ കുഞ്ഞാലി മരക്കാരോടും മുസ്ലിം സിദ്ധനായ ചീനിയംവീട്ടിൽ തങ്ങളോടും അനുവാദം വാങ്ങിയ ശേഷം ഒതേനൻ ആയുധം എടുത്തു.


കുംഭമാസം 9-ന് സന്തത സഹചാരികളായ കണ്ടാച്ചേരി ചാപ്പൻ, പയ്യംവെള്ളി ചന്തു എന്നിവരുടേയും കടത്തനാട്ട് രാജാവിൻറെ നായർ പടയാളികളുടെയും അകമ്പടിയോടെ ഒതേനൻ തലശ്ശേരി യിൽ നിന്നും 6 കിലോമീറ്റർ കിഴക്ക് കൂത്തുപറമ്പ് പാതയിലുള്ള പൊന്നിയം ഗ്രാമത്തിലെത്തി. ഇപ്പോഴത്തെ ചൂള എന്ന ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള സ്ഥലമായിരുന്നു പട നിശ്ചയിക്കപ്പട്ട ഏഴരക്കണ്ടം.


പരുന്തുങ്ങൽ എമ്മൻ പണിക്കരുടെയും കോട്ടയം തമ്പുരാൻറെ പടയാളികളുടെയും അകമ്പടിയോടെ മതിലൂർ ഗുരുക്കൾ പടക്കളത്തിലിറങ്ങിയപ്പോൾ കോട്ടയം സേന ആയിരം തോക്കുകൾ കൊണ്ട് ആചാരവെടി മുഴക്കി. ഒതേനൻ ഇറങ്ങുമ്പോൾ കടത്തനാടൻ നായർ പടയും ആയിരം ആചാരവെടിയുതിർത്തു,


മൂന്ന് ദിവസം പൊരുതിയിട്ടും രണ്ടുപേർക്കും ജയിക്കാനായില്ല. അവസാനം മതിലൂർ ഗുരുക്കൾ കള്ളച്ചുവട് വെച്ച് ഒതേനനെ ചുരിക കൊണ്ട് കുത്തി. കുത്ത് പരിചകൊണ്ട് തടുത്ത ഒതേനൻ പ്രസിദ്ധമായ ''പൂഴിക്കടകൻ'' എന്ന ചതിപ്രയോഗം തന്നെ പുറത്തെടുത്തു. കാൽപാദം കൊണ്ട് മണൽ കോരി മതിലൂർ ഗുരുക്കളുടെ കണ്ണുകളിലിടാൻ ഒതേനന് നിമിഷാർദ്ധമേ വേണ്ടി വന്നുള്ളൂ. ഗുരുക്കൾ കൊല്ലപ്പെട്ടു.


പട ജയിച്ച് തിരിച്ചു പോവുകയായിരുന്ന ഒതേനനെ ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയിലിലെ മായൻകുട്ടി എന്നയാൾ പതിയിരുന്ന് വെടി വെച്ചു. ഗുരുക്കളെ കൊന്ന അതേ ചുരിക ചുഴറ്റിയെറിഞ്ഞ് മായൻകുട്ടിയേയും ഒതേനൻ കൊന്നു.


മഞ്ചലിൽ കയറാൻ ജ്യേഷ്ടനായ കോമക്കുറുപ്പ് ആവശ്യപ്പെട്ടെങ്കിലും നെറ്റിയിൽ വെടിയുണ്ടയുമായി 23- കിലോമീറ്റർ നടന്നു തന്നെ ഒതേനൻ വീട്ടിലെത്തി. ജ്യേഷ്ടനായ കോമക്കുറുപ്പിനോട് ദീർഘനേരം ഒതേനൻ സംസാരിച്ചു. ചീനിയംവീട്ടിൽ തങ്ങൾ കൊടുത്ത ഉറുക്കിന് വെടിയുണ്ടയെ തടുക്കാനുള്ള കഴിവുണ്ടന്ന് ഒതേനൻ വിശ്വസിച്ചിരുന്നു. സംഭവദിവസം ഉറുക്ക് കാണാതായതിനു പിന്നിൽ ഉറ്റ മിത്രം ചാപ്പനാണെന്ന് അവസാന നിമിഷങ്ങളിൽ ഒതേനൻ കരുതി. ഒതേനൻ ആവശ്യപ്പെട്ടത് പ്രകാരം പയ്യംവെള്ളി ചന്തു നെറ്റിയിൽ നിന്നും വെടിയുണ്ട കടിച്ചൂരിയെടുത്തു. അതോടെ കേരളീയ പൗരുഷത്തിൻറെയും പൈതൃകത്തിൻറയും ചിഹ്നനക്ഷത്രം അസ്തമിച്ചു.


വടകരയിലെ ഇദ്ദഹത്തിൻറെ വീടിൻറെ ഒരു അറ മാത്രം ഭദ്രമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ഒതേനൻറെ വാളും കസേരയും ജ്യേഷ്ടനായ കുഞ്ഞിരാമൻ എന്ന കോമക്കുറുപ്പിൻറെ കട്ടിലും ഇവിടെയുണ്ട്. എല്ലാ വർഷവും കുംഭമാസം പത്താം തിയ്യതി പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.



തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മലയാള പൈതൃക അഭിമാനികളും യൂറോപ്പിലേയും പൂർവ്വേഷ്യയിലേയും കളരിപ്പയറ്റ് വിദ്യാർത്ഥികളും ഒരു തീർത്ഥാടനം പോലെ ഈ ഗ്രാമം സന്ദർശിക്കുന്നു.

Source

Previous Post Next Post