ഹിന്ദു പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു സർപ്പമാണ്‌ തക്ഷകൻ.  അഭിമന്യുവിന് വിരാടരാജകുമാരിയായ ഉത്തരയിലുണ്ടായ പുത്രനാണ് പരീക്ഷിത്ത്. മൃതനായി ജനിച്ച പരീക്ഷിത്തിന് ശ്രീകൃഷ്ണൻ ജീവൻ നൽകിയെന്ന് കഥ. പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം ചെയ്തു. അതിൽ ജെനമേജയൻ, ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിങ്ങനെ നാലു പുത്രന്മാർ ഉണ്ടായിരുന്നു.

നായാട്ടിൽ അതീവ തത്പരനായിരുന്ന പരീക്ഷിത്ത്, ഒരിക്കൽ മഹാവനത്തിലെ വേട്ടയ്ക്കിടയിൽ "ശമീകൻ" എന്ന മഹർഷിയുടെ മുന്നിലെത്തി. ക്ഷീണിച്ച് പരവശനായ പരീക്ഷിത്ത്, മുനിയോട് എന്തോ ചോദിച്ചു. ധ്യാനത്തിൽ മുഴുകിയിരുന്ന മുനി അത് കേട്ടില്ല.

രാജാവായ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ തന്നെ അപമാനിക്കയാണെന്ന് കരുതിയ പരീക്ഷിത്ത്, അടുത്ത് കണ്ട ഒരു ചത്ത പാമ്പിനെ വില്ലിന്റെ അഗ്രം കൊണ്ടെടുത്ത് മുനിയുടെ കഴുത്തിലണിയിച്ചു തിരികെ പോയി. പുറത്തു പോയിരുന്ന മുനിയുടെ മകൻ ഗവിജാതൻ(ശൃംഗി) തിരികെയെത്തിയപ്പോൾ തന്റെ പിതാവിനെ അപമാനിതനാക്കിയി

രിക്കുന്ന കാഴ്ച കണ്ട് കോപാകുലനായ് ഇങ്ങനെ ശപിച്ചു, “എന്റെ പിതാവിന്റെ കഴുത്തിൽ ചത്ത പാമ്പിനെ അണിയിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസങ്ങൾക്കകം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് മരിക്കട്ടേ..”

ശാപത്തിനു ശേഷമാണ് താൻ ശപിച്ചത് അതീവ ധാർമ്മികനായ പരീക്ഷിത്തിനെയാണെന്ന് ഗവിജാതൻ മനസ്സിലാക്കുന്നത്.

പരീക്ഷിത്ത് ക്ഷണനേരത്തെ മനസ്സിന്റെ ചാഞ്ചാട്ടത്തിൽ കാട്ടിയ അബദ്ധം ക്ഷമിക്കേണ്ടതായിരുന്നു. ശാപവിവരം രാജാവിനെ അറിയിക്കുന്നതിനു വേണ്ടി അദ്ദേഹം ഗൗരമുഖനെന്ന മുനികുമാരനെ പരീക്ഷിത്തിന്റെ അടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. ആദ്യമൊന്ന് പതറിയെങ്കിലും പരീക്ഷിത്ത് ഏതു വിധേനയും ശാപത്തിൽ നിന്ന് രക്ഷനേടാനുള്ള വഴികൾ ആലോചിച്ചു.

ഗൗരമുഖൻ പോയ ഉടനെ പരീക്ഷിത്ത് രാജാവ് കൊട്ടാരത്തിലെ മുനിമാരേയും, ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസം കൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് അന്വേഷിച്ചു.. ഈശ്വരസ്തുതിയും, ഭഗവത് കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി.

ഒരു തൂണിന്റെ മുകളിൽ സകല സുരക്ഷയും ഒരുക്കിയ ഒരു മാളിക പണിത് അതിൽ രാജാവിനെ ഏഴു ദിവസം സുരക്ഷിതമായി പാർപ്പിക്കാൻ തീരുമാനിച്ചു. കാറ്റു പോലും കടക്കാത്തത്ര ഭദ്രമായ ആ അറയ്ക്കുള്ളിൽ രാജാവ് ഇരുന്നു. താഴെ വിദഗ്ദ്ധരായ വിഷവൈദ്യന്മാരും, മാന്ത്രിക വിദ്യകളറിയാവുന്ന ബ്രാഹ്മണന്മാരും തയ്യാറായി നിന്നു.

ഈ മാളികയിൽ വെച്ച് ശ്രീശുക ബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് "ശ്രീമദ് ഭാഗവതപുരാണ" കഥകൾ പരീക്ഷിത്തിന് പറഞ്ഞു കെടുത്തു. ഏഴാം ദിനം രാവിലെ തന്നെ തക്ഷകൻ തന്റെ ദൗത്യ നിർവ്വഹണത്തിനായി പുറപ്പെട്ടു. ഇടയ്ക്കു വച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു.

ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചു തന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻ തന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണനേരത്തിനുള്ളിൽ വൃക്ഷം പഴയതു പോലെ തഴച്ചു വളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഹസ്തിനപുരിയിലെത്തിയ തക്ഷകൻ രാജാവിനായൊരുക്കിയിരിക്കുന്ന സുരക്ഷാ പദ്ധതികൾ കണ്ട് അമ്പരന്നു. വളരെ ആലോചനയ്ക്ക് ശേഷം തക്ഷകൻ ഒരു വഴി കണ്ടെത്തി. തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണ വേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങൾ കൊടുത്ത് രാജസന്നിദ്ധിയിലേക്കയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിലൊന്നിൽ ഏറ്റവും ചെറിയ ഒരു പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു.

രാജാവ് ആ പഴം ഭക്ഷിക്കുവാനായി കീറി നോക്കിയപ്പോൾ അതിനുള്ളിൽ ഈ ചെറിയ പുഴുവിനെ കണ്ടു. ഉടൻ തന്നെ തക്ഷകൻ തന്റെ ശരിയായ രൂപത്തിലേയ്ക്ക് വളരുകയും പരീക്ഷിത്തിനെ കൊല്ലുകയും ചെയ്തു.

Source : hindupuranam

Post a Comment

Previous Post Next Post